News

slide

ഇലന്തൂർ വലിയ പടയണി 21ന്

ഇലന്തൂരിന്റെ കാത്തിരിപ്പിന് വിരാമം......
കാളിമയ്ക്ക് മീതേ കാളുന്നൊരു പന്തം  തെളിയും.

ന്യത്തഗീത വിനോദകാരണിയായ ഇലന്തൂർക്കാവിലമ്മയുടെ തട്ടകത്തിൽ  പടേനിയുടെ തിരികൊളുത്തലായ ചൂട്ടുവെയ്പ്പ് ഇന്ന് (11- മാർച്ച് 2019) നടക്കും. കാലദോഷങ്ങൾ അകന്നൊഴിയാൻ  കുന്നിലമ്മയെ  വിളിച്ചിറക്കി ഒപ്പം നിറുത്തി കൊട്ടിപ്പാടി തുള്ളിത്തിമിർക്കുന്ന അനർഘ നിമിഷത്തിൽ അലിഞ്ഞൊന്നാകാൻ ഇലന്തൂർ ദേശം ഒരുങ്ങിക്കഴിഞ്ഞു.

 മാർച്ച് 21 വരെ ദേവതയും, പ്രകൃതിയും, മനുഷ്യനും സകല ജീവജാലങ്ങളും ഈ പടേനിക്കളത്തിൽ ഒന്നാകുകയാണ്, ലയിച്ച് ചേരുകയാണ് ,ആടിത്തിമിർക്കുകയാണ് ഒരേ സ്വരം, ഒരേതാളം  ജീവിതത്തിന്റെ താളം.

രാത്രി 7.30 ന് മേൽശാന്തി ശ്രീ കേശവൻ നമ്പൂതിരി  ശ്രീകോവിലിൽ നിന്നും പകർന്നു നൽകുന്ന ചുട്ടുകറ്റ പടേനി ആശാൻ ഇട്ടിമാടത്ത് കിഴക്കേതിൽ ദിലീപ്കുമാർ ഏറ്റുവാങ്ങി കരവാസികൾ ആർപ്പും കുരവയുമായി കാവുണർത്തി പടേനിക്കളത്തിലെ കന്നിക്കോണിൽ സ്ഥാപിക്കുന്നതോടൊപ്പം പച്ച തപ്പിൽ ജീവ കൊട്ടുന്നതോടെ ചൂട്ട് വെയ്പ്പ് ചടങ്ങ് പൂർണ്ണമാകുന്നു.
തുടർന്നുള്ള രണ്ട് ദിവസത്തെ കാവുണർത്തലിന് ശേഷം ഒന്നാം പടേനി ദിവസമായ മാർച്ച് 14 വ്യാഴാഴ്ച മുതൽ കാച്ചി കടുപ്പിച്ച തപ്പിന്റെ ശുദ്ധതാളത്തിൽ കോലങ്ങളുടെ വരവായി .
ശിവകോലം, ഗണപതി, മറുത , സുന്ദരയക്ഷി , കാലൻ ,ഭൈരവി എന്നീ കോലങ്ങൾ എട്ട് ദിവസവും കളത്തിൽ നിറഞ്ഞാടും. ഈ കോലങ്ങളെ കൂടാതെ ദേശവാസികൾ വഴിപാടായി നേരുന്ന കരിങ്കാളി , രുദ്രമറുത , നിണ ഭൈരവി, അന്തരയക്ഷി , അരക്കിയക്ഷി, മായയക്ഷി , കരിനാഗയക്ഷി, എരിനാഗയക്ഷി, വടി മാടൻ തുടങ്ങിയ വ്യത്യസ്തങ്ങളായ കോലങ്ങൾ ഒരോ ദിവസങ്ങളായി കളത്തിൽ ചുവടുവച്ചെത്തുന്നു.

#മാർച്ച് 21ന് വല്ല്യപടേനി.